സദാചാരപ്പോലീസും സദാ ജാരന്മാരും!

Wednesday, August 29, 2012

1 comments




തസ്‌നിബാനുവിന്റെ സ്വന്തം നാടായ മഞ്ചേരിയിൽ കഴിഞ്ഞ ദിവസം നടന്ന മൊണ്ടാഷ് ഫിലിംസ്‌ക്രീനിങ്ങ് പരിപാടിയിൽ (പ്രസ്തുത പരിപാടിയിൽ പ്രദർശിപ്പിച്ച ഒരു ഷോട്ട്ഫിലിമിൽ-നുണക്കഥ- നമ്മുടെ തസ്‌നിബാനു ഒരു തട്ടമിട്ട ലെസ്ബിയനായി വേഷമിടുകയും ചെയ്യുന്നു) പ്രശസ്ത സിനിമാനിരൂപകൻ ജി.പി രാമചന്ദ്രൻ നടത്തിയ പ്രഭാഷണത്തിന്റെ തലക്കെട്ട് കേരളം എന്ന സദാചാരത്തടവറ എന്നായിരുന്നു. കേരളം വിക്‌ടോറിയൻ സദാചാരത്തിലേക്ക് തിരിഞ്ഞു നടക്കുന്നു, ലൈംഗികത ഭാര്യാഭർത്തൃദ്വയങ്ങളിലേക്ക് ഒതുങ്ങുന്നു ലൈംഗികതയെക്കുറിച്ച് പറയുന്നതും കേൾക്കുന്നതും പോലും കേരളത്തിൽ ഭീകരകൃത്യമായി മാറുന്നു ഇതൊക്കയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യമായ നിരീക്ഷണങ്ങളും വിമർശനങ്ങളും

എന്നാൽ, വിവാഹവും വേണ്ട, കുടുംബവും വേണ്ട , ഇഷ്ടമുള്ളവർ ഇഷ്ടമുള്ളവരോടൊപ്പം ഇഷ്ടമുള്ളകാലത്തോളം ഇഷ്ടമുള്ള രീതിയിൽ ജീവിക്കാം എന്ന മോസ്‌കോ ദുരാചാരത്തിലേക്ക് സമൂഹത്തെ എത്തിക്കാൻ ശ്രമിക്കുന്നവരല്ലേ ഈ സദാചാരപ്പോലീസ് മുറവിളിക്ക് പിറകിലെന്നത് പരിശോധനയർഹിക്കുന്ന കാര്യമാണ്.
സദാചാരത്തിന്റെ വിപരീതം ദുരാചാരമാണല്ലോ. അപ്പോൾ, വിവിധങ്ങളായ സാമൂഹ്യതിന്മകളെ എതിർക്കുന്നവരെയെല്ലാം സദാചാരപ്പോലീസെന്ന് വിളിച്ച് വിരട്ടുന്നവർ ദുരാചാരപ്പോലീസുകാരാവണം. അല്ലൈങ്കിൽ കുറച്ചുകൂടി പ്രാസമൊപ്പിച്ച് പറയണമെങ്കിൽ സദാ ജാരപ്പോലീസുകാരെന്ന് വിളിക്കാം.
കൈക്കൂലി, കരിഞ്ചന്ത പോലുള്ള ദുരാചാരങ്ങളിൽ ഒന്ന് മാത്രമാണ് അവിഹിതമായ ലൈംഗികത. അപ്പോൾ മേൽപറഞ്ഞ ദുരാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന സാമൂഹ്യപ്രവർത്തകരും പൊതുജനവും സദാചാരപ്പോലീസെന്ന ചീത്തവിളി കേൾക്കേണ്ടി വരുമോ ?
മതവിരുദ്ധ യുക്തിവാദചേരികളാണ് സദാചാരപ്പോലീസ് മുറവിളികൾക്ക് പിന്നിൽ. സദാചാരപരമായ നിയന്ത്രണങ്ങളോടാണോ അതിന്റെ പേരിലുള്ള സാമൂഹ്യമായ ഇടപെടലുകളെയാണോ ഇത്തരക്കാർ എതിർക്കുന്നത്? സർക്കാർ തന്നെ ഇത്തരം അശ്ലീലങ്ങൾ നിയന്ത്രിക്കുകയാണെങ്കിൽ ദുരാചാരപ്പോലീസുകാർക്ക് എന്താണഭിപ്രായം?


യാതൊരു ദുരാചാരത്തിനെതിരെയും ഒരാളും ശബ്ദമുയർത്തിക്കൂടെന്നാണോ ? അതോ, യാതൊരു നിയന്ത്രണവുമില്ലാത്ത ലൈംഗികത വരേണമെന്നാണോ ദുരാചാരപ്പോലീസുകാരുടെ മനസ്സിലിരുപ്പ്. സ്വന്തം അമ്മയോ സഹോദരിയോ ഭാര്യയോ മകളോ ഒക്കെ ഇത്തരം അവിഹിതങ്ങളിൽ പരസ്യമായി ഏർപ്പെടുന്നത് കണ്ടാൽപോലും ഇത്തരക്കാർ സുഖമായി കണ്ടാസ്വദിച്ച് നിൽക്കുമായിരിക്കുമോ?
സദാചാരപ്പോലീസ് എന്നത് ഇസ്‌ലാമോഫോബിയക്കാർ ഉയർത്തിവിട്ട ഭീകരവാദ, തീവ്രവാദ, ഫണ്ടമെന്റലിസ്റ്റ് ലേബലുകളുടെ പരമ്പരയിലെ മറ്റൊരു എപ്പിസോഡ് മാത്രമാണ്. മതമൂല്യങ്ങളാണ് യഥാർത്ഥത്തിൽ അതിന്റെ ഉന്നം. മതങ്ങൾ മുന്നോട്ടുവെക്കുന്ന ഏതൊരു നിയന്ത്രണവും നിർദ്ദേശവും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന കാഴ്ചപ്പാട് സമൂഹത്തിൽ പ്രചരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ മതങ്ങൾ അനുവദിക്കുന്ന ഇളവുകളും സ്വാതന്ത്ര്യങ്ങളും വലിയ സാമൂഹ്യതിന്മകളായി ഇവർ തന്നെ കൊണ്ടാടുകയും ചെയ്യും. ഉദാഹരണമായി, അനിവാര്യമായ കാരണങ്ങളുണ്ടെങ്കിൽ ബഹുഭാര്യാത്വം ആകാമെന്ന ഇസ്‌ലാമിലെ അനുവാദം വമ്പിച്ച അശ്ലീലമായി പ്രചരിപ്പിക്കുന്നവർ തന്നെ ലൈംഗിക ഉദാരീകരണത്തിന് വേണ്ടി വാദിക്കുന്നത് എന്തുമാത്രം വൈരുദ്ധ്യമല്ല 
യഥാർത്ഥത്തിൽ ഇസ്‌ലാം ഉൾപ്പെടെ ഏതൊരു മതവും ലൈംഗികതയിൽ നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ലൈംഗിക അടിച്ചമർത്തലിന് വേണ്ടിയുള്ളതല്ല. ഉത്തരവാദിത്തമുള്ള ലൈംഗികത എന്ന മൂല്യമുള്ള ആശയമാണ് മതങ്ങൾ മുന്നോട്ട് വെക്കുന്നത്. ഉപയോഗിക്കുക, വലിച്ചെറിയുക എന്ന ഭൗതികവാദികളുടെ ലൈംഗികതയിൽ നിന്നും വ്യത്യസ്ഥമായി പങ്കാളികൾ ഇരുപേർക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുക, രക്ഷിതാക്കളില്ലാത്ത കുഞ്ഞുങ്ങൾ ഇല്ലാതിരിക്കുക, സുഭദ്രമായ കുടുംബങ്ങളിലൂടെ സുശക്തമായ സമൂഹവും രാഷ്ട്രവും പണിതുയർത്തുക എന്നിങ്ങനെയുള്ള മതധാർമിക മൂല്യങ്ങളെയാണ് , അത് മുന്നോട്ട് വെക്കുന്നവരെയാണ് മോസ്‌കോ വാദികൾ - ദുരാചാരപ്പോലീസുകാർ സദാചാരപ്പോലീസെന്ന് വിളിച്ച് മാധ്യമക്കാരും കൂടിച്ചേർന്ന് വളഞ്ഞിട്ട് തല്ലുന്നത്.
സർക്കാരും അതിന്റെ മെഷിനറികളും ഈ ദുരാചാരപ്പോലീസുകാരോടൊപ്പം ചേർന്ന് സദാചാരപ്പോലീസുകാരെ വേട്ടയാടുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അധാർമ്മികതകൾക്കെതിരെ പ്രതികരിക്കുന്നവരെ സദാചാരപ്പോലീസ് എന്ന് വിളിക്കണോ സദാചാരഗുണ്ടകൾ എന്ന് വിളിക്കേണമോ എന്നതാണ് ഇപ്പോഴുള്ള ഒരു പ്രധാന ചർച്ച. സദാചാരഗുണ്ടകളെ ഗുണ്ടാനിയമത്തിൽ പെടുത്തി അറസ്റ്റ് ചെയ്ത് കൈകാര്യം ചെയ്യുമെന്നാണ് മന്ത്രിമാരും ഉത്തരവാദപ്പെട്ട മറ്റ് അധികാരികളും ഭീഷണി മുഴക്കുന്നത്. ഈ വേട്ടയുടെ പ്രധാന കാരണം സദാചാരപ്പോലീസുകാരധികവും മതവിശ്വാസികളും മതധാർമ്മിക മൂല്യങ്ങളിൽ വിശ്വസിക്കുന്നവരാണെന്നതാണ്. മതവിശ്വാസികളുടെ സാമൂഹ്യ ഇടപെടലുകളെ അടിച്ചമർത്തേണ്ടതും അവർ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനങ്ങളെ ഇല്ലായ്മ ചെയ്യേണ്ടതും ഒരു മതേതര ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാകുന്നു!
അപ്പോൾ നമ്മുടെ മതേതരത്വത്തിന്റെ അർത്ഥമെന്താണ് ? എല്ലാ മതങ്ങളെയും അവയുടെ മൂല്യങ്ങളെയും തുല്യമായി അവഗണിക്കുന്നത് എന്നോ അതോ എല്ലാ മതങ്ങളെയും തുല്ല്യമായി പരിഗണിക്കുന്നത് എന്നോ?
ഇവിടെ സദാചാരപ്പോലീസുകാരുടെ ഇടയിൽ തന്നെയുള്ള ഒരു തമ്മിൽതല്ല് വിശേഷവുംട്ടത്തിൽ പറയേണ്ടതുണ്ട്. മലപ്പുറത്തോ കോഴിക്കോട്ടോ വല്ല തോന്ന്യാസവും നാട്ടുകാർക്ക് ചോദ്യം ചെയ്യേണ്ടതായിവന്നാൽ അത് ജന്മഭൂമിയിൽ ആദ്യം വാർത്തയാകും. സദാചാരപ്പോലീസ് ജിഹാദുമായി വരുന്നേയെന്ന് ആറെസ്സെസ്സുകാരന്റെ പോസ്റ്ററിറങ്ങും. മുംബൈയിൽ ശിവസേനക്കാർ വാലന്റൈൻസ്‌ഡേ കലക്കാനിറങ്ങിയാലും മംഗലാപുരത്ത് ശ്രീരാമസേനക്കാർ പബ്ബുകളും ഡാൻസ്ബാറുകളും അടിച്ചുതകർത്താലും മുസ്‌ലിം സദാചാരക്കാർ ആ വടിയെടുത്ത് നേരത്തേ തങ്ങളെ കല്ലെറിഞ്ഞിരുന്ന ജന്മഭൂമിക്കാരെയും മറ്റ് സിൻഡിക്കേറ്റുകാരെയും തല്ലാനിറങ്ങുകയും ചെയ്യും.
വാസ്തവത്തിൽ ജാതിമതഭേദമന്യേ സകല സദാചാരപ്പോലീസുകാർക്കും ഈ സദാചാരം എന്ന് പറയുന്ന സംഗതിയിൽ വല്ല താൽപര്യവും ആത്മാർത്ഥതയുമുണ്ടെങ്കിൽ അവർ ഈ തമ്മിൽ തല്ല്  അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്. മലബാറിൽ മാപ്പിളമാർ സനാതന ധർമ്മം നടപ്പിലാക്കുന്നുവെന്നും മംഗലാപുരത്ത് ശ്രീരാമസേനയും മുംബൈയിൽ ശിവസേനയും ശരീഅത്ത് നടപ്പിലാക്കുന്നുവെന്നും ഇരുകൂട്ടരും കരുതിയാൽ തീരാവുന്നതേയുള്ളൂ ഈ തമ്മിൽതല്ല് പ്രശ്‌നം.
പരിശോധിച്ചുനോക്കിയാൽ ഇസ്‌ലാമിക സന്ദേശത്തിലും സംഘപരിവാറുകാരന്റെ സനാതനധർമ്മത്തിലും അധാർമികതയും അശ്ലീലതയും ഒന്നു തന്നെ. അവർക്ക് നാട്ടിൽ പ്രചരിപ്പിക്കാനുള്ള സദാചാരവും ഒന്നുതന്നെ. അപ്പോൾപിന്നെ എല്ലാ വർഗീയതയും മാറ്റിവെച്ച് അവർക്ക് ഒരുമിക്കാവുന്ന പ്രധാനപ്പെട്ട ഒരു പൊതുവേദിയും സദാചാരം തന്നെയായിരിക്കും.
ഇത്രയെല്ലാം വായിച്ചുകഴിയുമ്പോൾ ലേഖകൻ വല്ല ഹുജി ബന്ധമോ ബജി ഗന്ധമോ ഒക്കെ ഉള്ളവനാണെന്ന് വരും. ആയതിനാൽ ഇതിന്റെയൊക്കെ ഒരു മറുവശം കൂടി പറഞ്ഞുകളയാം.
സദാചാരത്തിന്റെ പേരിലായാലും ദുരാചാരത്തിന്റെ പേരിലായാലും ജനം നിയമം കയ്യിലെടുക്കുന്നത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്കാണെത്തിക്കുക. അത് ആശ്വാസ്യവുമല്ല. ആയതിനാൽ സദാചാരം ആദ്യം തുടങ്ങേണ്ടത് അവനവന്റെ വീട്ടിൽ നിന്നു തന്നെയാണെന്ന് ഏവരും തിരിച്ചറിയുക. സദാചാരം മാതാപിതാക്കൾക്കുണ്ടായാൽ മക്കൾക്കും അത് തനിയേ ഉണ്ടാകും. ലൈംഗികവിദ്യാഭ്യാസം കൂടിച്ചേർത്ത് വിദ്യാഭ്യാസസംവിധാനത്തിൽ മാറ്റത്തിരുത്തലുകൾ വരുത്തണമെന്ന് ആവശ്യപ്പെടുന്നവർ ധാർമികവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കൂടി മനസ്സിലാക്കുക. യുവതലമുറയെ വഴി തെറ്റിക്കുന്ന അച്ചടി-ദൃശ്യമാധ്യമങ്ങളെയും റാക്കറ്റുകളെയും സർക്കാരുകൾ കാര്യക്ഷമമായി നിയന്ത്രിക്കുക. പൊതുസ്ഥലത്ത് രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും  മതധാർമിക മൂല്യങ്ങളും അവഹേളിക്കപ്പെടും വിധമുള്ള പെരുമാറ്റങ്ങളും കർശനമായി നേരിടുവാൻ ഇപ്പോൾ തന്നെ നിലവിലുള്ള നിയമങ്ങൾ ശരിയായി നടപ്പിലാക്കാൻ പോലീസിനെ അനുവദിക്കുക.
അവസാനമായി യേശുക്രിസ്തുവിന്റെ കാലത്തുണ്ടായ ഒരു സദാചാരക്കഥ കൂടികേൾക്കുക. യേശുവിന്റെ കാലത്ത് ഒരു പാവം പെൺകൊടിയുണ്ടായിരുന്നു. ഏതോനിലയിൽ അവൾക്കുമേൽ ദുരാചാരം ആരോപിക്കപ്പെടുകയും നാട്ടിലെ സദാചാരക്കാർ അവളെ യേശുവിന്റെയടുക്കൽ വലിച്ചിഴച്ചുകൊണ്ടുവരികയും ചെയ്തു. അവർ ആക്രോശിച്ചതിങ്ങനെ, യേശു! നീ മോശെയുടെ പിൻഗാമിയും ന്യായപ്രമാണം നിവർത്തിക്കുന്നവനുമെങ്കിൽ ഇവൾക്ക് ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്ന ശിക്ഷവിധിക്കുക, ഇവളെ എറിഞ്ഞുകൊല്ലുക. ഇതിന് മറുപടിയായി പാപം ചെയ്യാത്തവർ മാത്രം കല്ലെറിയുക ചെയ്യുക എന്ന് യേശു പറഞ്ഞത് കാലാതിവർത്തിയായ വചനവുമായി.
അപ്പോൾ, ഈ കഥയിലെ പാഠങ്ങളെന്ത് ? ഒന്ന്, ദുരാചാരങ്ങൾ തീർച്ചയായും കല്ലേറ് അർഹിക്കുന്നുണ്ട്. രണ്ട്, കല്ലെറിയാനുള്ള അർഹത ദുരാചാരങ്ങളിൽ ഏർപ്പെടാതിരിക്കുകയുമാണ്. ഇത് രണ്ടും സമൂഹം അംഗീകരിച്ച് നടപ്പാക്കിയാൽ പിന്നെ ദുരാചാരവുമില്ല, സദാചാരപ്പോലീസുമില്ല.